Friday, 8 April 2011

VOTE FOR LDF

മുദ്രാവാക്യങ്ങള്‍ ചരിത്രമെഴുതുമ്പോള്‍...

ഓരോ മുദ്രാവാക്യവും ഒരു ഓര്‍മപ്പെടുത്തലാണ്. പോയകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും മുദ്രകള്‍, ഭാവിയെ എങ്ങനെ മുദ്രിതമാക്കണമെന്നതിന്റെ ഉത്തരങ്ങള്‍. ജനാധിപത്യത്തിന്റെ തുടര്‍ച്ചയിലേക്കോ ഇടര്‍ച്ചയിലേക്കോ വഴിതുറക്കുന്ന തെരഞ്ഞെടുപ്പുവേളകള്‍ മലയാളികളെ കോരിത്തരിപ്പിക്കുന്ന മുദ്രാവാക്യങ്ങളുടെയും കാലമാണ്. പ്രവര്‍ത്തകരെ ആവേശക്കൊടുമുടിയിലേറ്റുകയും നാടിന് നേര്‍ക്കാഴ്ച നല്‍കുകയും ചെയ്ത മുദ്രാവാക്യങ്ങളും ഗീതങ്ങളും കാലത്തിന്റെ കയ്യൊപ്പായി കേരളീയരുടെ മനസിലുണ്ട്. സംഗീതവും സാഹിത്യവും ഇഴചേര്‍ന്ന, ചിരിയുടെ തിളക്കവും ചിന്തയുടെ വെളിച്ചവുമുള്ള മുദ്രാവാക്യങ്ങളും മുദ്രാഗീതങ്ങളും ഭാഷക്ക് ജനകീയമുഖം നല്‍കി. നവംനവങ്ങളും അര്‍ഥസമ്പുഷ്ടവുമായ പദാവലികൊണ്ട് മലയാളത്തെ സമ്പന്നമാക്കിയ ഇടതുപക്ഷത്തിന്റെ സാംസ്കാരിക സംഭാവനകൂടിയാണ് അവ. ചെറുശേരിയെ മനസില്‍ കുടിയിരുത്തി രൂപം കൊടുത്ത തെരഞ്ഞെടുപ്പു പാന ഒരു പ്രചാരണ കാലം മുഴുവന്‍ കേരളത്തെ ത്രസിപ്പിക്കുകയുണ്ടായി. |

"വോട്ടിനായുള്ള ചീട്ടു കിട്ടീടുമ്പോള്‍
ഓര്‍ക്കണം നിങ്ങള്‍ നാടിനെ വീടിനെ""എന്ന ഈരടി ഏതു മനസിലാണ് കുടിയേറാത്തത്. പീഡിതന്റെ രോഷവും ദുഖിതന്റെ കണ്ണീരും മുദ്രാവാക്യത്തിന്റെ മുഖമുദ്രയാകാറുണ്ട്. ഭരിക്കുന്നവരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുജനസമക്ഷം വിളംബരം ചെയ്യുന്ന നയസമീപനങ്ങള്‍, അനുവര്‍ത്തിച്ചുവന്ന നിലപാട്, പ്രശ്നങ്ങളിലും വിഷയങ്ങളിലുമുള്ള യോജിപ്പും വിയോജിപ്പും, പ്രാദേശികവും ദേശീയവുമായ കാഴ്ചപ്പാട് ഇവയെല്ലാം തെരഞ്ഞെടുപ്പില്‍ മുദ്രാവാക്യമാകാറുണ്ട്. അടയാളമോ പ്രമാണമോ ആയി സ്വീകരിച്ച വാക്യം എന്ന് നിഘണ്ടുകാരന്‍ അര്‍ഥം കല്‍പിച്ചിട്ടുള്ള മുദ്രാവാക്യങ്ങള്‍ സാമൂഹ്യജീവിതത്തിന്റെ ഉണര്‍ത്തുപാട്ടുകളാണ്. ആകാശത്ത് മുഷ്ടി ചുരുട്ടി വിളിച്ചു പറയുന്ന വെറും വാക്യങ്ങളല്ല, മറിച്ച് ആവേശിക്കാനും അതിജിവിക്കാനുമുള്ള തന്ത്രങ്ങള്‍ അലിഞ്ഞുചേര്‍ന്ന ശക്തമായ മാധ്യമമാണത്. ഏറ്റുവിളിക്കുംതോറും അതിന് കരുത്ത് കൂടും. താളബോധവും പ്രാസഭംഗിയുമുള്ള, സരസവും ലളിതവുമായ, ജനമനസുകളില്‍ തറഞ്ഞുകയറാന്‍പോന്ന മൂര്‍ച്ചയുള്ള, ജീവിതമെന്ന അന്തസുള്ള പദത്തില്‍നിന്ന് ഉയിര്‍ക്കൊണ്ട മുദ്രാവാക്യങ്ങള്‍ക്കും ഗീതങ്ങള്‍ക്കും കേരളത്തെ മാറ്റിതീര്‍ത്തതില്‍ വലിയ പങ്കുണ്ട്. പൊതുബോധത്തെ ആ വിധം ഉത്തേജിപ്പിച്ച എത്രയോ മുദ്രാവാക്യങ്ങളും ഗീതങ്ങളും മലയാളിയുടെ പൈതൃകമായുണ്ട്.

ബ്രിട്ടീഷ്ഭരണം മുര്‍ദാബാദ്
സാമ്രാജ്യത്വം തകരട്ടെ
ജന്മിത്വം തകരട്ടെ
കര്‍ഷകസമരം സിന്താബാദ്

തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കര്‍ഷകരെ ജന്മിത്തത്തിനും ബ്രിട്ടീഷ് ഭരണത്തിനുമെതിരെ സംഘടിപ്പിക്കുന്നതിനും രാഷ്ട്രീയവല്‍ക്കരിക്കുന്നതിനും വലിയ പങ്ക് വഹിച്ചു. കടുത്ത അരിക്ഷാമം നേരിട്ട കാലത്ത് കേരളീയനെഴുതിയ

ഉരിയരിപോലും കിട്ടാനില്ല
പൊന്നു കൊടുത്താലും
ഉദയാസ്തമനം പീടികമുന്നില്‍
നിന്ന് നരച്ചാലും

എന്ന വരികള്‍ മലബാറിലാകെ അലയടിച്ചിരുന്നു. ആധുനിക കേരള സൃഷടിക്കായി ജാതി-ജന്മി-നാടുവാഴി വ്യവസ്ഥിതിക്കെതിരെ സമരങ്ങള്‍ നയിച്ചവര്‍ ഐക്യ കേരളത്തിന്റെ ഭരണകര്‍ത്താക്കളായപ്പോള്‍ ജനകീയ കേരളത്തിെന്‍റ അഭിമാനമായി അവര്‍ മാറി.

"നിവര്‍ന്നുനില്‍ക്കാന്‍ ഭൂമിക്ക്,
തലചായ്ക്കാനൊരു കൂരയ്ക്ക്,
പൊരുതാന്‍ നമുക്ക് ഉയിരു പകര്‍ന്ന
കൊടിയാണീ കൊടി താഴില്ല""

എന്ന മുദ്രാവാക്യം ഈ അഭിമാനത്തിന്റെ പ്രഖ്യാപനം തന്നെയാണ്. സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരെ സര്‍ സി പിയെ വെല്ലുന്ന മര്‍ദനമുറകള്‍ പരീക്ഷിച്ചിരുന്നു. അവയോടുള്ള പരിഹാസത്തിന്റെ മേമ്പൊടി ചാലിച്ച പ്രതികരണമാണ്

"സി പി പോയി കോണ്‍ഗ്രസ് വന്നു,
കോളറ വന്നു വസൂരി വന്നു,
കൊള്ളലാഭക്കൂട്ടരാണ്,
കൊള്ളിവയ്പിന്‍ അഗ്രഗണ്യര്‍"" എന്നത്.



No comments:

Post a Comment